Tuesday, July 19, 2011

ഓർമ്മകൾ ഉണ്ടായിരിക്കണം‌ സീരീസ് 5




നെഞ്ചിൽ‌ തീക്കനലുകളും പേറി ആത്മാഹുതി ചെയ്തവരുടെ ചരിത്രം‌, അത് ഒരു ഓർമ്മപ്പെടുത്തലാണു..മരണത്തെ‌ സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടിയായ കണ്ടവരിവിടെ ജീവിച്ചിരുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ‌. ആ ഓർമ്മപ്പെടുത്തലിനൊരുപക്ഷെ നേരം‌പോക്ക് ബസ്സുകളുടെ നർമ്മബോധമോ, രാഷ്ട്രീയചൊറിയലുകളുടെ വീറും വാശിയുമോ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും‌ സമയമനുവധിക്കുകയാണെങ്കിൽ മാത്രം വായിക്കുക


രാജ്ഗുരു, ഭഗത്സിംഗ്, സുഖ്ദേവ്, ജയലാൽ‌ തുടങ്ങിയവർ  നടത്തിയ സാണ്ടേഴ്സ് വധത്തിനുശേഷം എച്ച് എസ് ആർ.എ ഇറക്കിയ വിജ്ഞാപനം

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി വിജ്ഞാപനം‌

ലാലാലജ്പത് റായുടെ കൊലപാതകത്തിനു ശരിയായി പകവീട്ടാൻ വേണ്ടിമാത്രമാണു സാണ്ടേഴ്സ് വധിക്കപ്പെട്ടത്. മുപ്പത്തിയഞ്ച്കോടി ഇന്ത്യാക്കാരടങ്ങുന്ന, രാഷ്ട്രം‌മുഴുവൻ ആരാധിക്കുന്ന സർവാദരണീയനായ ഒരു വൃദ്ധന്റെ നെഞ്ചത്ത് താഡനമേൽ‌പ്പിക്കാൻ‌ ജെ.പി.സാ‍ൻ‌ഡേഴ്സ് എന്ന നികൃഷ്ടമനുഷ്യൻ ധൈര്യപ്പെട്ടത് തികച്ചും ഖേദകരവും‌ ലജ്ജാകരവുമായ സംഭവമായിപ്പോയി. അത് രാഷ്ട്രത്തോടുള്ള വെല്ലുവിളിയായിരുന്നു.ഭാരതരാഷ്ട്രത്തെ അപ്രകാരം‌ അവഹേളിച്ച് കൊണ്ട് വിദേശശക്തി ഈ മണ്ണിന്റെ ആത്മാഭിമാനമുള്ള ധീരസന്തതികളെ വെല്ലുവിളിക്കുകയായിരുന്നു. ഭാരതം ജീവസ്സറ്റ് ചൈതന്യമില്ലാതെ ഇത്തരം അപമാനങ്ങൾ‌ ഇനിയും പൊറുക്കില്ല എന്ന് ഈ മറുപടി ജനങ്ങളേയും വിദേശാധികാരികളേയും‌ ബോധ്യപ്പെടുത്തിയിരിക്കും‌.ഭാരതത്തിലെ ജനങ്ങളുടെ സിരകളിലൂടെ പുതുരക്തം ഒഴുകിത്തുടങ്ങിയിരിക്കുന്നു. ജീവൻ‌ ബലിയർപ്പിച്ചും‌, രാഷ്ട്രത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ‌ യുവഭാ‍രതം‌ ഉണർ‌ന്നെഴുന്നേറ്റു കഴിഞ്ഞു.

ഇനിയും ചൂഷിതരും മർദ്ദിതരുമായ ജനങ്ങളുടെ പ്രകോപിതമായ വികാരങ്ങളെ വ്രണപ്പെടുത്താൻ‌ ശ്രമിക്കരുത്. നിങ്ങളുടെ പിശാചുബാധിച്ച കൈകൾ‌ മാറ്റൂ. ഞങ്ങളെ നിരായുധരാക്കാൻ നിങ്ങൾ‌ എത്ര ശ്രമിച്ചാലും‌ പിസ്റ്റലുകളും‌ റിവോൾ‌വറുകളും‌ ഈ രാജ്യത്തെ യുവാക്കളുടെ കൈകളിലേക്ക് പ്രവഹിക്കുമെന്ന് ഓർ‌ത്തോളൂ. ഏതാനും‌ ആയുധം കൊണ്ട് ഒരു സായുധസമരവും വിജയിക്കില്ലെന്ന് സമ്മതിക്കാം‌. എന്നാൽ‌ ഭരണാധികാരികൾ‌ അടിക്കടി ചെയ്യുന്ന ദേശീയാവമാനങ്ങൾ‌ക്ക് പകരം‌വീട്ടാൻ തീർച്ചയായും അതുമതി. ഞങ്ങളുടെ പ്രവൃത്തിയെ ദേശീയനേതാക്കളായി ചമയുന്നവർ‌ അധിക്ഷേപിച്ചേക്കാം‌. ഞങ്ങളുടെ സംഘടനയെ തകർ‌ക്കാൻ‌ വിദേശസർ‌ക്കാർ‌ പരമാവധി ശ്രമിച്ചേക്കാം‌. എന്നാൽ നമ്മുടെ ദേശീയമായ അന്തസ്സ് ഉയർത്തിപ്പിടിക്കാനും, വിദേശീയ മുഷ്കരന്മാരെ പാഠം പഠിപ്പിക്കുവാനും ഞങ്ങൾ എന്നും തയ്യാറാണെന്ന് തെളിച്ചുപറയാൻ ആഗ്രഹിക്കുന്നു. എല്ലായിടത്തു നിന്നും‌ മർദ്ദനത്താൽ വളയപ്പെട്ടാലും‌ വിപ്ലവത്തിനുവേണ്ടിയുള്ള മുറവിളി നിശബ്ദമാകാൻ‌ ഞങ്ങൾ‌ സമ്മതിക്കില്ല. മനസ്സിൽ വച്ചോളൂ, മരണത്തിന്റെ കുരുക്ക് കഴുത്തിൽ‌ മുറുകുമ്പോഴും‌ വിപ്ലവം നീണാൽ‌ വാഴട്ടെ എന്ന് ഞങ്ങൾ‌ വിളിച്ച് പറയും

ഒരു മനുഷ്യജീവനെ എടുക്കേണ്ടി വന്നതിൽ ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്. എന്നാൽ ഞങ്ങൾക്ക് വെടിവച്ചു വീഴ്ത്തേണ്ടി വന്ന മനുഷ്യൻ‌ ക്രൂരവും ഹീനവും നീതിവിരുദ്ധവുമായ ഒരു വിദേശഭരണത്തിന്റെ അഭേദ്യഭാഗമായിരുന്നതിനാൽ‌ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പിണിയാൾ‌ എന്ന സ്ഥാനം കൊണ്ട് മാത്രമാണു ഈ മനുഷ്യൻ വധിക്കപ്പെട്ടത്. ലോകത്തെ ഏറ്റവും സ്വേച്ഛാധിപത്യഭരണമാണു ബ്രിട്ടീഷുകാരുടേത്
മനുഷ്യരക്തം ചൊരിയേണ്ടിവന്നതിലുള്ള അങ്ങേയറ്റത്തെ ഖേദം‌ ഞങ്ങൾ ഒരിക്കൽകൂടി പ്രകടിപ്പിക്കുന്നു. മനുഷ്യന്റെ കയ്യാലുള്ള മനുഷ്യചൂഷണത്തെ മുഴുവൻ അവസാനിപ്പിക്കാനുള്ള വിപ്ലവത്തിന്റെ വേദിയിൽ‌ രക്തം ചൊരിയേണ്ടത് അനിവാര്യമായിത്തീർന്നു,

ഇങ്ക്വിലാബ് സിന്ദാബാദ്

ബൽ‌രാജ്
കമാൻ‌ഡർ പഞ്ചാബ്
എച്.എസ്.ആർ.എ

ലാഹോർ
18-ഡിസംബർ-192

No comments:

Post a Comment